പൊലീസുകാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

രാജ്യതലസ്ഥാനത്ത് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മൂന്നംഗ സംഘമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
കൽക്കാജി ക്ഷേത്രം സന്ദർശിച്ച ശേഷം ഇന്നലെ രാത്രി 7.30ഓടെ പെൺകുട്ടിയും ആൺസുഹൃത്തും സമീപത്തെ പാർക്കിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ സംഘം ആൺസുഹൃത്തിനെ ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
25നും 30നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംഭവത്തിൽ 17കാരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.


