കോളജിലെ ഡിജെ പാര്‍ട്ടിക്കിടെ വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞുവീണു

single-img
16 October 2022

മലപ്പുറം; കോളജിലെ ഡിജെ പാര്‍ട്ടിക്കിടെ വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവമുണ്ടായത്.

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് 10 വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു.

ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കോളജില്‍ ഡിജെ പാര്‍ട്ടി നടത്തിയത്. സംഘം ചേര്‍ന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ആദ്യം ഒരു വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. അധികം വൈകാതെ കൂടുതല്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു വീണു. ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെ വന്ന ഒരു പെണ്‍കുട്ടി കൂടി ആശുപത്രിയില്‍ വച്ചു കുഴഞ്ഞു വീഴുകയായിരുന്നു.

എല്ലാവരുടെയും രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ നടത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഡി ജെ പാര്‍ട്ടി നടത്തിയത്. ടാര്‍പോളിന്‍ ഉപയോഗിച്ച്‌ പ്രത്യേക സൗകര്യം ഒരുക്കിയാണ് ഡി ജെ പാര്‍ട്ടിക്ക് സ്ഥലം സൗകര്യപ്പെടുത്തിയത്. ഇവിടെ വച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പാട്ടും ഡാന്‍സും. ശബ്‍ദ ക്രമീകരണത്തിനു വേണ്ടിയാണ് ടാര്‍പോളിന്‍ ഉപയോഗിച്ച്‌ മറച്ചതെന്ന് അധ്യാപകര്‍ പറയുന്നു. ഇതിനകത്ത് ചൂട് കൂടിയതും ഏറെസമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് അധ്യാപകര്‍ പറയുന്നത്.