എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്ന എഫ്‌സിആര്‍എ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
‘വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടത്തുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥയെന്നും’ മുഖ്യമന്ത്രി കുറിച്ചു.
‘ഭേദഗതി പ്രകാരം, തികച്ചും സാങ്കേതിക കാരണങ്ങള്‍ കൊണ്ടുപോലും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയും ആസ്തികള്‍ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വെച്ച ആശങ്കകള്‍ ദൂരുകരിച്ച ശേഷം വേണം ബില്ലിന്റെ തുടര്‍നടപടി സ്വീകരിക്കാവൂ. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും’ മുഖ്യമന്ത്രി കുറിച്ചു.
മുഖമന്ത്രി പണിറായി വിജയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.
ഇത്തരം സാഹചര്യങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. പൊതുതാല്‍പര്യത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ 2010 ലെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം പര്യാപ്തമാണ്.
തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നാല്‍ ബന്ധപ്പെട്ട ആസ്തികള്‍ കണ്ടുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും.
ഇപ്പോള്‍ അവതരിപ്പിച്ച ഭേദഗതി പ്രകാരം, തികച്ചും സാങ്കേതിക കാരണങ്ങള്‍ കൊണ്ടുപോലും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയും ആസ്തികള്‍ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വെച്ച ആശങ്കകള്‍ ദൂരുകരിച്ച ശേഷം വേണം ബില്ലിന്റെ തുടര്‍നടപടി സ്വീകരിക്കാവൂ.
കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.


