വിഴിഞ്ഞം സമരം സമവായത്തിലേക്ക്?; ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

single-img
3 December 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. നേരത്തെ വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ കണ്ടത്.

സമരക്കാരുമായി നിരവധി ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ സഭ തലവൻമാരുമായി സംസാരിച്ച് സമവായ നീക്കം ഉണ്ടാക്കുകയാണ് ഇപ്പോൾ. നേരത്തെ ലത്തീൻ മലങ്കര സഭ തലവൻമാരുമായും ചീഫ് സെക്രട്ടറി വി.പി ജോയി ചർച്ച നടത്തിയിരുന്നു.

യാതൊരു കാരണത്താലും പദ്ധതിയുടെ പണി നിർത്തി വെയ്ക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കുകയും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ സഭാ തലവൻമാർ എന്ത് മറുപടി നൽകി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സഭയ്ക്കും സർക്കാരിനുമിടയിൽ മധ്യസ്ഥ ശ്രമം നടത്താൻ ഗാന്ധി സ്മാരക നിധിയും ശ്രമം തുടങ്ങി. ഇതിനായി പൗരപ്രമുഖരെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ചു.നിലവിലെ സാഹചര്യത്തിൽ കേന്ദ്രസേന സുരക്ഷ ഏറ്റെടുത്താൽ സ്ഥിതിഗതികൾ മാറുമെന്ന വിലയിരുത്തൽ ഇരു കൂട്ടർക്കുമുണ്ട്.