റിപ്പോർട്ടർ ടി.വി.യിലെ പൊലീസ് നടപടി; ശക്തമായ പ്രതിഷേധവുമായി കോം ഇന്ത്യ

single-img
16 September 2026

റിപ്പോർട്ടർ ടി.വിയുടെ ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ പൊലീസ് പ്രവേശിച്ച് മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വാർത്താ ശേഖരണത്തിനും സംപ്രേഷണത്തിനുമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും മാധ്യമസ്ഥാപനത്തിന്റെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുന്ന നടപടിയാണെന്ന് കോം ഇന്ത്യ വ്യക്തമാക്കി.

നിയമപരമായ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടായാലും മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും മാധ്യമസ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടായിരിക്കണം അന്വേഷണ നടപടികൾ സ്വീകരിക്കേണ്ടതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും വാർത്താ സ്രോതസ്സുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും സ്വകാര്യ വിവരങ്ങളും ഉണ്ടായിരിക്കാം. അതിനാൽ ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സ്വകാര്യതയും സ്രോതസ്സുകളുടെ രഹസ്യതയും നിയമാനുസൃത നടപടിക്രമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്നും കോം ഇന്ത്യ പറഞ്ഞു.

സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. നിയമനിർവഹണ ഏജൻസികളുടെ ഇടപെടൽ ആവശ്യമായ സാഹചര്യങ്ങളിൽ പോലും മാധ്യമപ്രവർത്തനത്തെയും വാർത്താ സംപ്രേഷണത്തെയും അനാവശ്യമായി തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണം നടപടികളെന്നും കോം ഇന്ത്യ ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള അനാവശ്യ ഇടപെടലുകളെ ശക്തമായി എതിർക്കുമെന്നും കോം ഇന്ത്യ അറിയിച്ചു.