‘800 പേജുള്ള തെളിവുകൾ കൈവശമുണ്ട്’; ആന്റോ അഗസ്റ്റിനെതിരെ സാബു എം. ജേക്കബ്

റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മാത്രം ഒതുക്കരുതെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ്. കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,050 കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്നാണ് സാബു എം. ജേക്കബിന്റെ ആരോപണം. മാധ്യമപ്രവർത്തനത്തിന്റെ പേരിലാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആന്റോ അഗസ്റ്റിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും തന്റെ കൈവശമുണ്ടെന്നും സാബു അവകാശപ്പെട്ടു.
എസ്‌ഐടി അന്വേഷണം ഫലപ്രദമാകുമോ എന്നതിൽ സംശയമുണ്ടെന്നും ഹവാല, കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും സാബു ആവശ്യപ്പെട്ടു. വിശ്വാസമുള്ള അന്വേഷണ ഏജൻസി എത്തിയാൽ 800 പേജുള്ള രേഖകൾ കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പണവും മദ്യവും നൽകി സ്വാധീനിക്കാൻ ആന്റോ അഗസ്റ്റിൻ ശ്രമിച്ചുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു. ബ്രോഡ്കാസ്റ്റിങ് ലൈസൻസും നാഷണൽ സെക്യൂരിറ്റി ക്ലിയറൻസും ഇല്ലെങ്കിൽ റിപ്പോർട്ടർ ചാനലിനെതിരെ നടപടി സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.


