ആന്റോ അഗസ്റ്റിനെതിരായ എക്സൈസ് കേസ്; 138 കുപ്പി മദ്യം പിടിച്ചെന്ന് എഫ്ഐആർ

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ എക്സൈസ് കേസിൽ വീട്ടിൽനിന്ന് 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായി എഫ്ഐആറിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഏകദേശം 67 ലിറ്ററോളം മദ്യമാണ് പിടിച്ചെടുത്തതെന്നാണ് എഫ്ഐആറിലെ വിവരം.
അനുവദനീയമായ പരിധിയിൽ അധികമായി മദ്യം അനധികൃതമായി സൂക്ഷിച്ചെന്ന കുറ്റം ചുമത്തി അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, ആന്റോ അഗസ്റ്റിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് കേസുകളുടെ വിവരങ്ങളും പുറത്തുവരികയാണ്. തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി ആകെ 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മീനങ്ങാടി, കൽപ്പറ്റ, എറണാകുളം സെൻട്രൽ, കളമശ്ശേരി, മംഗലാപുരം നോർത്ത്, മേപ്പാടി, അമ്പലമേട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വിവരം.
കേസുകളിലെ ആരോപണങ്ങൾ കോടതിയുടെ അന്തിമ വിധിയിലൂടെ തെളിയിക്കപ്പെട്ടവയല്ല. ഓരോ കേസിലെയും അന്വേഷണവും തുടർനിയമനടപടികളുമാണ് ആരോപണങ്ങളുടെ വസ്തുത വ്യക്തമാക്കുക.


