രാജ്യത്തെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

single-img
25 November 2022

ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യത്തെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് (ആര്‍സിഎഫ്)എന്നിവയുടെഅഞ്ചു മുതല്‍ പത്തു ശതമാനംവരെ ഓഹരികളാണ് വിറ്റഴിക്കുക.

ഇപ്പോഴുള്ള സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ രാജ്യത്തെ വിപണിയിലുണ്ടാകാന്‍ സാധ്യതയുള്ള മുന്നേറ്റത്തിനിടെ ഓഹരി വിറ്റ് പണം സമാഹരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അറിയുന്നു. ഇതുവഴി ഏകദേശം 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോസ് സെയില്‍ വഴിയായിരിക്കും ഓഹരികള്‍ കൈമാറുക.

അതേസമയം, ഹിന്ദുസ്ഥാന്‍ സിങ്കില്‍ സര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരികളും വിറ്റഴിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനിയിലെ 26ശതമാനം ഓഹരികള്‍ 2002ല്‍ അനില്‍ അഗര്‍വാളിന്റെ വേദാന്തയ്ക്ക് കൈമാറിയിരുന്നു. പിന്നീട് കമ്പനിയിലെ വിഹിതം ഉയര്‍ത്തുകയുംചെയ്തു. നിലവില്‍ 64.92ശതമാനം ഓഹരികളും വേദാന്തയുടെ കൈവശമാണ്.