സുരേഷ് ഗോപിക്ക് സിനിമാ അഭിനയത്തിന് നിയന്ത്രണം വച്ച് കേന്ദ്ര സർക്കാർ

single-img
7 November 2024

കേരളത്തിലെ തൃശൂർ നിന്നുള്ള എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമകളിൽ അഭിനയിക്കാൻ നിയന്ത്രണം വച്ച് കേന്ദ്ര സർക്കാർ. ഇപ്പോൾ വഹിക്കുന്ന മന്ത്രിപദവിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ നിർദേശം.

സ്വന്തം മണ്ഡലത്തിൽ തുടരാനും മന്ത്രി ഓഫീസിൽ സജീവമാകാനും നിർദേശമുണ്ട്. എന്നാൽ, കരാർ ഒപ്പിട്ട ഒറ്റക്കൊമ്പൻ എന്ന സിനിമ മാത്രം പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്ന ആശ്വസത്തിലാണ് സുരേഷ് ഗോപി . സുരേഷ് ഗോപി സിനിമകളിൽ തുടർന്നും അഭിനയിക്കുന്നതിൽ താത്പര്യമില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്വീകരിച്ചത്.

ഓരോ ആഴ്ചയും കുറഞ്ഞത് മൂന്ന് ദിവസം നിർബന്ധമായും ഡൽഹിയിൽ ഉണ്ടാകണമെന്നും കേരളഹൗസിൽ നിന്ന് താമസം മാറണമെന്നുമുള്ള നിർദ്ദേശങ്ങൾ സുരേഷ് ഗോപി അംഗീകരിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഗോൾഫ് ലിങ്ക് ഗസ്റ്റ്ഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയത്.

മന്ത്രാലയത്തിൽ കുറഞ്ഞത് ഒരു ദിവസവും ടൂറിസം മന്ത്രാലയത്തിൽ രണ്ട് ദിവസവും ആഴ്ച്ചയിൽ ഉണ്ടായിരിക്കണം. പേഴ്സണൽ സ്റ്റാഫിൽ ഇപ്പോൾ ഒഴിവുള്ള 12 പോസ്റ്റുകൾ എത്രയും വേഗം നികത്തണം.