കേരളം വിദേശ സഹകരണത്തിന് ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കേന്ദ്രം


വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി.
ഫെഡറൽ വ്യവസ്ഥയിൽ കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി.
ഇതോടൊപ്പം ,വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ ഓർമ്മിച്ചു. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.