പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചു; മൂന്നാറിൽ ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു

single-img
18 January 2023

മൂന്നാറിന് സുപരിചിതനായ പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിസ് എന്ന ജീപ്പ് ഡ്രൈവർമാർ കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിന്‍റെ നടപടി.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ നിലവിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാർക്കും പരിചിതനായ കാട്ടുകൊമ്പനായ പടയപ്പടെ കാണാൻ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇത്തരത്തിൽ പടയപ്പയെ കാണിക്കാം എന്ന് വാഗ്ദാനം നൽകി റിസോർട്ട് ഉടമകളും, ജീപ്പ് ഡ്രൈവർമാരും വിനോദ സഞ്ചാരികളെ കൂട്ടികൊണ്ടു പോകുകയും ഈ സമയത്ത് ആനയെ പ്രകോപിപ്പിക്കുകയുമാണ് എന്നാണ് വനം വകുപ്പ് പറയുന്നത്.

ആനയെ വളരെ അടുത്ത് നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വകുപ്പ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് വിനോദ സഞ്ചാര വകുപ്പിനും നൽകിയിട്ടുണ്ട്.