വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം

single-img
28 September 2026

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

പാർവതിയുടെ പങ്കാളി അനീഷ് മേനോൻ, അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അനീഷ് വിദേശത്താണെന്നാണ് പൊലീസ് പറയുന്നത്. മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.

2023 മുതലാണ് പാർവതിയും സംഘവും തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് പണം തട്ടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നും പൊലീസ് പറയുന്നു. ദുബായിൽ ക്രിപ്റ്റോകറൻസി ഇടപാടുകളിലൂടെയും പാർവതി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി അന്വേഷണസംഘം ആരോപിക്കുന്നു.

പാർവതി അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതികളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ദിവസം മാത്രം 25ലേറെ പേർ പരാതിയുമായി എത്തിയതായി പൊലീസ് അറിയിച്ചു.