ജോൺ ബ്രിട്ടാസിനെ സംഘിയെന്ന് വിളിക്കുന്നത്, ‘മുന്ന’യെന്ന് വിളിച്ച് അപഹസിക്കുന്നത് ഈ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണ്: ബഷീർ വള്ളിക്കുന്ന്

single-img
4 December 2025

മാധ്യമപ്രവർത്തകൻ ബഷീർ വള്ളിക്കുന്ന് എം.പി. ജോൺ ബ്രിട്ടാസിനെ ‘സംഘി’യെന്നോ ‘മുന്ന’യെന്നോ വിളിച്ച് അപഹസിക്കുന്നത് ഈ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലതയും സാഹചര്യബോധക്കുറവുമാണെന്ന് വിലയിരുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബ്രിട്ടാസിന്റെ പാർലമെന്ററി ജീവിതം ഒരു തുറന്ന ഏടമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പാർലമെന്റിലെ മുഴുവൻ ശബ്ദപ്രകടനങ്ങളും പ്രധാനമായും സംഘികൾക്കെതിരെയായിരുന്നുവെന്നും ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു . മോദി, അമിത് ഷാ എന്നിവർക്കെതിരെ നിരന്തരം വിരൽ ചൂണ്ടി വിമർശനം ഉയർത്തുന്ന നേതാവാണ് ബ്രിട്ടാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ജോൺ ബ്രിട്ടാസിനെ സംഘിയെന്ന് വിളിക്കുന്നത്, അയാളെ ‘മുന്ന’യെന്ന് വിളിച്ച് അപഹസിക്കുന്നത് ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ ഈ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണ്, സ്ഥലകാല ബോധമില്ലായ്മയാണ്.

ബ്രിട്ടാസിന്റെ പാർലിമെന്ററി ജീവിതം ഒരു തുറന്ന ഏടാണ്, അയാൾ ഇത്രകാലവും പാർലിമെന്റിൽ ശബ്ദിച്ചത് മുഴുവൻ സംഘികൾക്കെതിരാണ്, മോദിക്കും അമിത ഷാക്കുമെതിരെ വിരൽ ചൂണ്ടി അയാൾ ശബ്ദമുയത്തിക്കൊണ്ടേയിരിക്കുന്നത് നിരന്തരം കാണുന്നവരാണ് നമ്മൾ, നല്ല ഭാഷയിൽ – അത് ഇംഗ്ളീഷാവട്ടെ, ഹിന്ദിയാകട്ടെ, മലയാളമാകട്ടെ, ഒഴുക്കോടെ സംസാരിക്കുന്ന ഒരു പാർലിമെന്റേറിയൻ.. ഒട്ടും ഭയപ്പെടാതെ, ഒട്ടും കൂസാതെ. ഭയത്തിന്റെ അന്തരീക്ഷം എല്ലാവരുടേയും വായ മൂടിക്കെട്ടുന്ന ഒരു കാലത്ത് ശബ്ദിച്ചു കൊണ്ടേയിരിക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ ധർമ്മം. അത് കൃത്യമായി നിർവഹിച്ചു കൊണ്ടിരിക്കുന്ന ഒരു പാർലിമെന്റേറിയനെ സംഘി എന്ന് വിളിക്കുന്നവർ ചെയ്യുന്നത് കൊടും പാതകമാണ്.

പി എം ശ്രീയിൽ കേരളം ഒപ്പിട്ടതിന്റെ ധാർമികത അത് വേറെ ചർച്ച ചെയ്യേണ്ട വിഷയമാണ്, അത് ബ്രിട്ടാസ് എന്ന ഒരു എം പി യുടെ തീരുമാനമായിരുന്നില്ല, അതൊരു സർക്കാരിന്റെ തീരുമാനമായിരുന്നു. ആ സർക്കാർ ഭരിക്കുന്ന പാർട്ടിയുടെ എം പി യാണയാൾ. ഒരു സംസ്ഥാന ഭരണകൂടത്തെ കേന്ദ്ര ഭരണവുമായി കണക്ട് ചെയ്യുന്ന ഒരു ബ്രിഡ്ജായി പ്രവർത്തിക്കേണ്ട വ്യക്തി തന്നെയാണ് ഒരു എംപി. അതയാളുടെ ബാധ്യതയും ധാർമികതയുമാണ്.

കോൺഗ്രസ്സ് സർക്കാരുകളൊക്കെ ഒപ്പിട്ട ആ പി എം ശ്രീയിൽ കേരളം ഒപ്പിട്ടത് ശരിയായില്ല എന്ന് തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു ഫെഡറൽ സംവിധാനത്തികത്ത് ചെറുത്ത് നിൽപ്പിന്റെ അവസാന സാധ്യതയും ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുക തന്നെയായിരുന്നു വേണ്ടത്. ഏതായാലും പി എം ശ്രീ തീരുമാനം വിവാദമായതിനെത്തുടർന്ന് അതിൽ നിന്ന് കേരളം പിന്മാറാൻ തീരുമാനിച്ചു. അതും ബ്രിട്ടാസ് എന്ന ഒരു എംപിയുടെ തീരുമാനമായിരുന്നില്ല. അയാൾ ഒരു പാർട്ടി സംവിധാനത്തിനകത്ത് പ്രവർത്തിക്കുന്ന ഒരു പാർലിമെന്റേറിയൻ മാത്രമാണ്. ഒരു സംസ്ഥാനം എടുത്ത തീരുമാനത്തിന്റെ മുഴുവൻ ഭാരവും അയാളിൽ അടിച്ചേൽപ്പിച്ച് ഒറ്റതിരിഞ്ഞു വേട്ടയാടുന്നത് അർത്ഥശൂന്യമാണെന്ന് മാത്രമല്ല, അധാർമികവുമാണ്.

ഹോളി നടക്കുന്ന കാലത്ത് യുപിയിൽ മുസ്‌ലിം പള്ളികൾ കവർ ചെയ്ത് മൂടേണ്ട ഗതികേട് ഉണ്ടാക്കിയത് നിങ്ങളുടെ ഭരണമാണെന്ന് ട്രഷറി ബെഞ്ചിലേക്ക് വിരൽ ചൂണ്ടി പറഞ്ഞ ഒരാളെ, Our Ram is Gandhi’s Ram and Your Ram is Nathuram എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ഒരാളെ, വിവിധ മതങ്ങൾക്കിടയിലെ ദൈവങ്ങളെപ്പോലും വേർതിരിച്ചു കാണും വിധം വഖഫ് സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രം ബില്ല് കൊണ്ട് വന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തികഞ്ഞ വിവേചനമാണെന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയ ഒരാളെ, മണിപ്പൂരിലെ കൃസ്തീയ സമൂഹം നേരിടുന്ന കൊടിയ അതിക്രമങ്ങളെ അക്കമിട്ട് നിരത്തി സംസാരിച്ച ഒരാളെ, തൊഴിലാളി കരിനിയമങ്ങളെ ചൂണ്ടിക്കാട്ടി Down with Modi Raj എന്ന് പാർലിമെന്റിൽ ഉറക്കെ വിളിച്ച ഒരാളെ..

അങ്ങനെ കിട്ടിയ അവസരങ്ങളിലൊക്കെ സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ടേയിരുന്ന ഒരാളെ, ഇപ്പോഴും ശബ്ദിച്ചു കൊണ്ടേയിരിക്കുന്ന ഒരാളെ സംഘിയെന്നും മുന്നയെന്നും വിളിക്കുന്നത് വഴി രതിമൂർച്ഛ കിട്ടുന്നവരുണ്ടെങ്കിൽ അതവർ ചെയ്യട്ടെ, പക്ഷേ ഒരു കാര്യം മനസ്സിലാക്കുക, ഭയത്തിന്റെ മൂടുപടത്തിൽ ഒരു രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന അന്തരീക്ഷത്തിൽ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെപ്പോലും ദുർബലപ്പെടുത്താനേ അത്തരം രതിമൂർച്ഛകൾ ഉപകാരപ്പെടൂ.
ബഷീർ വള്ളിക്കുന്ന്