സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

single-img
4 February 2026

ഉത്തർപ്രദേശിൽ തുടരുന്ന ബുൾഡോസർ രാജിനെതിരെ അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതി വിലക്കുണ്ടായിട്ടും സംസ്ഥാനത്ത് കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യം നടന്നയുടൻ തന്നെ കെട്ടിടം പൊളിച്ചുനീക്കുന്നത് ഭരണകൂടത്തിന്റെ വിവേചനാധികാരത്തിന്റെ ദുരുപയോഗമാണോയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.

ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർഥ നന്ദൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് പരാമർശം. ഒരു കുറ്റം ചെയ്തതിന് തൊട്ടുപിന്നാലെ പൊളിക്കലുകൾ നടക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതായും ബെഞ്ച് നിരീക്ഷിച്ചു. ഫൈമുദ്ദീൻ എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് സർക്കാരിനെതിരെ കോടതി വിമർശനം.

ഹരജിയിൽ ഫെബ്രുവരി ഒമ്പതിന് കോടതി വീണ്ടും വാദം കേൾക്കും.സുപ്രിംകോടതി വിധി നിലനിൽക്കെ കഴിഞ്ഞമാസവും യുപിയിൽ ബുൾഡോസർ രാജ് നടന്നിരുന്നു. മസ്ജിദുകൾക്കും മദ്രസകൾക്കും നേരെയായിരുന്നു വീണ്ടും ബുൾഡോസർ രാജുണ്ടായത്. സംഭലിലെ ദീപാ സാരായ് മേഖലയിലെ രണ്ട് ഗ്രാമങ്ങളിലെ പള്ളിയും മദ്രസയുമാണ് അധികൃതർ തകർത്തത്. റാവ ബുസുർഗ് ഗ്രാമത്തിലെ പള്ളിയും ഹാജിപൂർ ഗ്രാമത്തിലെ മദ്രസയുമാണ് അധികൃതർ ബുൾഡോസറുമായെത്തി പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂട- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചുനീക്കൽ.

2024 നവംബർ 24നാണ് ബുൾഡോസർ രാജ് നടപടികൾ പാടില്ലെന്ന് സുപ്രിംകോടതി വിധിച്ചത്. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, അനധികൃത നിര്‍മാണങ്ങള്‍ നീക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു.

കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഒരാൾ കുറ്റാരോപിതനാണെന്ന പേരിൽ എങ്ങനെയാണ് അയാളുടെ വീട് തകർക്കുകയെന്നും കോടതി ചോദിച്ചിരുന്നു.

ഇനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരമൊരു നടപടി ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബുൾഡോസർ രാജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ നിർദേശങ്ങൾ.