സർക്കാരിനെ അട്ടിമറിക്കാനുള്ള ബൊൾസനാരോയുടെ അനുയായികളുടെ നീക്കം പൊളിച്ച് ബ്രസീൽ സൈന്യം

single-img
10 January 2023

ബ്രസീലിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഇടത് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തി സൈന്യം. മുൻ കാപ്പിറ്റോൾ കലാപത്തിന്റെ മാതൃകയിൽ മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ നടത്തിയ അട്ടിമറി നീക്കമാണ് സൈന്യം പരാജയപ്പെടുത്തിയത്.

ഇതേവരെ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും അപലപിച്ചു. യുഎസിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്.

പുതിയ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ബ്രസീലിന്റെ പാർലമെന്റ് മന്ദിരത്തിൽ അക്രമികൾ അഴിഞ്ഞാടി. ഏകദേശം മൂവായിരത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികൾ ഇരച്ചെത്തി.

വ്യാപകമായി സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവിൽ ആക്രമിക്കപ്പെട്ടു.അതേസമയം, ഈ ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്റ് സാവോ പോളോയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. തിരക്കിട്ട് തിരികെ തലസ്ഥാനമായ ബ്രസീലിയയിലെത്തിയ ലുല ഡ സിൽവ മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു. പിന്നാലെ സൈന്യം രംഗത്തെത്തുകയായിരുന്നു.