ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്ന് പൂർണമായി അണയ്ക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണകൂടം

single-img
10 March 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ, ഇന്നത്തോടെ പൂര്‍ണമായും അണയ്ക്കാനാകുമെന്ന് ജില്ലാ ഭരണകൂടം. വിഷയം ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തീ ഇന്നത്തോടെ പൂര്‍ണമായും അണയ്ക്കാനാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

തീ അണഞ്ഞാലും നഗരത്തിലെ പുക നിയന്ത്രിക്കാനാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സമീപ ജില്ലകളിലേക്കും പടര്‍ന്ന പുക ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നതാണ് അലട്ടുന്ന പ്രശ്നം.

അതേസമയം ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പറേഷനും നടത്തിയ 54 കോടി രൂപയുടെ അഴിമതി മൂലമാണ് കൊച്ചി നഗരവാസികളും പരിസരവാസികളും ഒരാഴ്ചയായി തീച്ചൂളയില്‍ ജീവിക്കേണ്ടി വന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ആരോപിച്ചു

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ എല്ലാ ഇടപാടുകളെ കുറിച്ചും സമഗ്രമായി അന്വേഷിക്കണം എന്നും, അഴിമതിയില്‍ മുങ്ങിയ കൊച്ചി കോര്‍പറേഷനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.