ഗുജറാത്ത് ഭരണം നിലനിർത്താൻ ‘ ​ഗൗരവ് യാത്രയുമായി ബിജെപി

single-img
12 October 2022

ബിജെപി തങ്ങളുടെ അഭിമാനമായി ഉയർത്തിക്കാട്ടുന്ന ഗുജറാത്ത് സംസ്ഥാനത്തെ ഭരണം നിലനിർത്താൻ സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ​ഗൗരവ് യാത്രക്ക് തുടക്കം കുറിച്ച്. സംസ്ഥാനത്തെ മെഹ്‌സാന ജില്ലയിലെ ക്ഷേത്രനഗരമായ ബഹുചരാജിയിൽ നിന്നാണ് ​ഗൗരവ് യാത്ര ആരംഭിച്ചത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഗൗരവ് യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു.

ഈ മാസം 20ന് കച്ചിലെ മാണ്ഡവിയിലാണ് യാത്ര അവസാനിക്കുക. 5,734 കിലോമീറ്റർ ദൂരം കവർ ചെയ്യുന്ന ഈ യാത്രയിൽ 145 യോഗങ്ങളാണ് സംഘടിപ്പിക്കുക. ഇത് ബിജെപിയുടെയോ ഗുജറാത്തിന്റെയോ ഗൗരവ് യാത്ര മാത്രമല്ല, ഇന്ത്യയുടെ അഭിമാനം സ്ഥാപിക്കാനുള്ള യാത്രയാണിതെന്ന് നദ്ദ പറഞ്ഞു.

ഈ വർഷം ഡിസംബറിലാണ് ​ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിയുടെ യാത്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പങ്കെടുക്കും. മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ മന്ത്രി ജവഹർ ചാവ്ദ എന്നിവരും മാർച്ചിൽ പങ്കെടുക്കും.

ഗുജറാത്തിൽ നേരത്തെ 2002ലാണ് ബിജെപി ആദ്യ ​ഗൗരവ് യാത്ര നടത്തിയത്. ഇപ്പോഴുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി. പിന്നീട് 2017ലാണ് ബിജെപി ​രണ്ടാമത് ​ഗൗരവ് യാത്ര സംഘടിപ്പിച്ചത്. ഇതോടൊപ്പം തന്നെ ഗുജറാത്തിലെ ബിജെപി സർക്കാരുകളുടെ വികസന പദ്ധതികൾ പ്രദർശിപ്പിക്കാൻ എൽഇഡി രഥം പുറത്തിറക്കുന്നുണ്ട്. സംസ്ഥാനത്തെ 182 നിയമസഭാ മണ്ഡലങ്ങളിലും രഥം സഞ്ചരിക്കും.