ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തും; സര്‍വേ ഫലം

single-img
4 October 2022

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. എബിപി ന്യൂസ്- സി വോട്ടര്‍ നടത്തിയ സര്‍വേയിലാണ് ബിജെപി ഏഴാം തവണയും അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കുന്നത്.

ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. 1995 മുതല്‍ തുടര്‍ച്ചയായി ബിജെപിയാണ് അധികാരത്തില്‍ വരുന്നത്.

182 അംഗ നിയമസഭയില്‍ ബിജെപി 135- 143 സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് പ്രവചനം. 36-44 സീറ്റാണ് കോണ്‍ഗ്രസ് നേടുക. ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8ശതമാനം വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ല്‍ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ല്‍ 44.4 ശതമാനമായിരുന്നു.

ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 – 48 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 – 29 സീറ്റുകള്‍ വരെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.

അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സര്‍വേയില്‍ പറയുന്നു. 48.8 ശതമാനത്തില്‍ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോണ്‍ഗ്രസിന് 41.7 ശതമാനത്തില്‍ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നും സര്‍വേ പ്രവചിക്കുന്നു.