ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറും; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

single-img
27 February 2023

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി ഏകദേശം 36 മുതല്‍ 45 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ആറ് മുതല്‍ 11 സീറ്റുകള്‍ വരെയും തിപ്ര മോത പാര്‍ട്ടി ഒന്‍പത് മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്ന് സർവേ പ്രവചിക്കുന്നു.

മാത്രമല്ല, ത്രിപുരയില്‍ ബിജെപി തന്നെ തുടരുമെന്ന് സീ ന്യൂസും പ്രവചിക്കുന്നു. സീ സർവേയിൽ 29 മുതല്‍ 36 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സീ ന്യൂസ് പ്രവചനം.സംസ്ഥാനത്തെ 60 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

ഇതോടൊപ്പം നാഗാലാന്‍ഡില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്ന് സീ ന്യൂസ് പറയുന്നു. ബിജെപി ഇവിടെ ഏകദേശം 35 മുതല്‍ 43, കോണ്‍ഗ്രസ് 1 മുതല്‍ 3, എന്‍പിഎഫ് 2 മുതല്‍ 5, മറ്റുള്ളവര്‍ 6 മുതല്‍ 12 എന്നിങ്ങനെയാണ് സീ ന്യൂസ് പ്രവചനം. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സീ ന്യൂസ് പ്രവചനം.