കേരളത്തിലെ ബിജെപി നേതാക്കൾക്ക് ജനസ്വാധീനം ഇല്ല; ബിജെപി ആഭ്യന്തര സര്‍വേ

single-img
3 September 2022

കേരളത്തിലെ നേതാക്കള്‍ക്ക് ജനസ്വാധീനം ഇല്ല എന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വേ. അതെ സമയം സുരേഷ് ഗോപിക്ക് വലിയ ജനപ്രീതിയുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ഗുജറാത്തും കര്‍ണാടകയും അടക്കം നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ബിജെപി ദേശീയ നേതൃത്വം സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വേ നടത്തിയത്.

മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കളുടെ ജനപ്രീതിയിലും വലിയ തോതിലുള്ള ഇടിവുണ്ടായെന്ന് സർവേ റിപ്പോർട്ട് പറയുന്നു. കൂടാതെ സംസ്ഥാന അധ്യക്ഷന്മാരുടെ പ്രതിച്ഛയും മങ്ങി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസ്വാധീനം വലിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട് എന്നാണു സര്‍വേ പറയുന്നത്.

അടുത്ത 6 നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി മോദി തന്നെയാകും ബിജെപിയുടെ മുഖം. കൂടാതെ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒരാളെ ഉയർത്തിക്കാണിക്കണ്ട എന്നും ബിജെപിയിൽ ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശില്‍ ജയറാം ഠാക്കൂറിനെയും രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടില്ല. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും മുഖ്യശത്രു കോണ്‍ഗ്രസ് തന്നെയാകും എന്നാണ് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.