ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തി; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

single-img
11 November 2024

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുലിൻ്റെ പരാമർശം.

മഹാരാഷ്ട്രയുടെ ചെലവിൽ മറ്റ് സംസ്ഥാനങ്ങളിൽ ആപ്പിൾ ഐഫോണുകളും ബോയിംഗ് വിമാനങ്ങളും നിർമ്മിക്കുന്നുവെന്ന് ഈ മാസം ആറിന് മുംബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നു. ഡോ.ബിആർ അംബേദ്ക്കർ രൂപം കൊടുത്ത ഭരണഘടനയെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്.

അവർ അത് തുറന്നു പറയില്ല. അങ്ങനെ സംഭവിച്ചാൽ രാജ്യം മുഴുവനും അവർക്കെതിരെ നിലകൊള്ളും എന്നായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ രാഹുൽ നുണ പറഞ്ഞെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ബിജെപി പ്രതിനിധി സംഘം ചീഫ് ഇലക്ഷൻ ഓഫീസറെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനത്തിന് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.