കർണാടക തെരഞ്ഞെടുപ്പ്: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഓടിച്ചു

single-img
9 May 2023

നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ പിടികൂടി ഓടിച്ചു. ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ബെല്‍ത്തങ്ങാടിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം എല്‍ എ യുമായ ഹരീഷ് പൂഞ്ജയും സംഘവും അശോക്നഗര്‍ ദളിത് കോളനിയില്‍ പണവുമായെത്തിയത്. 5 ലക്ഷം രൂപയുമായാണ് എം എല്‍ എ യും സംഘവും കോളനിയിലെത്തിയത്. ഇത്തവണ താൻ ജയിച്ചാല്‍
പ്രദേശത്തെ എല്ലാവര്‍ക്കും സ്ഥലത്തിന് രേഖയും വീടും നല്‍കുമെന്ന് വാഗ്ദാനം നല്‍കി. ഇതിന് പിന്നാലെ പണം നല്‍കാന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ രോഷാകുലരായത്.

തനിക്ക് ഇവിടെ ആരുടേയും വോട്ടില്ലെന്നും തല്ല് വേണ്ടെങ്കില്‍ ഓടിക്കൊള്ളുവെന്നും പറഞ്ഞാണ് നാട്ടുകാര്‍ എംഎല്‍എ തുരത്തിയത്. നേരത്തെ, അവസാന തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ ഹരീഷ് പൂഞ്ജ ജയിച്ചതിന് ശേഷം കോളനിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു എംഎല്‍എയെ നാട്ടുകാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട് . സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നാട്ടുകാര്‍ പരാതിയും നൽകി.