മോദിക്കെതിരെയും യോഗിആദിത്യനാഥിനെതിരെയും പ്രകോപനപരമായ പ്രസംഗം; അസംഖാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

single-img
28 October 2022

പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ്‌ എന്നിവർക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ സമാജ്‌വാദി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ അസം ഖാനെ അയോഗ്യനാക്കി. 2019ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇന്നലെ അസംഖാന് റാംപുരിലെ പ്രത്യേക കോടതി 3 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷാവിധി ഉണ്ടായതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.

രാംപൂരിലെ മിലാക് വിധാൻ സഭയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അസം ഖാൻ ആക്ഷേപകരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. വിഷയത്തിൽ ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് പരാതി നൽകിയത്.

നേരത്തെ തന്നെ ഭൂമിതട്ടിപ്പു കേസിൽ 2 വർഷമായി ജയിലി‍ൽ കഴിയുന്ന അസംഖാന് കഴിഞ്ഞ മേയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മാത്രമല്ല, 2017 നു ശേഷം അസംഖാനെതിരെ ഏകദേശം 87 കേസുകളാണ് യുപിയിൽ രജിസ്റ്റർ ചെയ്തത്.