ഗണേശ് ചതുര്‍ഥി ഘോഷയാത്ര; ഹൈദരാബാദില്‍ മുസ്‌ലിം പള്ളികള്‍ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതര്‍
ഹൈന്ദവ ആഘോഷമായ ഗണേശ് ചതുര്‍ഥി ഘോഷയാത്ര നടക്കാനിരിക്കെ ഹൈദരാബാദില്‍ മുസ്‌ലിം പള്ളികള്‍ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതര്‍. പ്രദേശത്തിലെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ മാസം 17നാണ് ഘോഷയാത്ര നടക്കുന്നത്.
അതേസമയം ഘോഷയാത്ര നടക്കുമ്പോൾ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പൊലീസ് പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. യാത്ര കടന്നുപോകുന്ന വഴിയിലുള്ള എക് മിനാര്‍ മസ്ജിദ്, മോസംജാഹിയിലെ മസ്ജിദ് ഇ മെഹബൂബ്, സിദിയംബര്‍ ബസാറിലെ ജാമിയ മസ്ജിദ് തുടങ്ങിയ പള്ളികളാണ് വെള്ളത്തുണി കൊണ്ട് മൂടിയത്.
എന്നാൽ മുസ്‌ലിം പള്ളികള്‍ മറച്ചുവയ്ക്കുന്ന നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. സമാധാനം സൃഷ്ടിക്കാനാണ് നീക്കമെന്ന് അധികാരികള്‍ വാദിക്കുന്നതിനിടെ ഇത്തരം സമീപനം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് എന്നാണ് വിമര്‍ശനം. ഭയം സൃഷ്ടിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.