ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുന്നു; തിരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി രേഖ

single-img
18 February 2023

സ്ഥാനങ്ങള്‍ വാങ്ങിയെടുക്കുന്നതിലുള്ള ആര്‍ത്തിയില്‍ നിന്നും പാർട്ടി പ്രവർത്തകരായ സഖാക്കളെ മോചിപ്പിക്കണമെന്ന് നിര്‍ദേശിച്ച് സിപിഎം സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖ. പാര്‍ട്ടിയിൽ വളർന്നുവരുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീതുമായാണ് രേഖ.

കേരളത്തിൽ തുടർ ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുകയാണെന്നും രേഖയില്‍ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്.

അതേപോലെ തന്നെ സിപിഎമ്മിലെ നേതാക്കളുടെ ബന്ധുക്കള്‍ക്ക് വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അര്‍ഹതയുള്ളവർക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് ഇത്തരം പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്നത്. ഇതുമൂലം പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഇടയാക്കുന്നതായും രേഖയില്‍ പറയുന്നു.

പാര്‍ട്ടിയില്‍ അൽപകാലം പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ തൊഴില്‍ നല്‍കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമായി കരുതുന്നവരുണ്ട്. ഇതുപോലെയുള്ള പ്രവണതകള്‍ അവസാനിപ്പിച്ചാണ് പുതുതലമുറയിലെ കേഡര്‍മാരെ ഘടകങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതെന്നും രേഖയില്‍ പറയുന്നു.