ഇറാനിലെ പ്രതിഷേധം: ഇത് വരെ 31 പേരിലധികം കൊല്ലപ്പെട്ടതായി റിപ്പോർട്ട്

single-img
22 September 2022

നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത 22 വയസ്സുകാരി മഹ്‌സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനെതിരെ ഇറാനിയൻ സുരക്ഷാ സേന നടത്തിയ അടിച്ചമർത്തലിൽ കുറഞ്ഞത് 31 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഓസ്‌ലോ ആസ്ഥാനമായുള്ള ഒരു എൻ‌ജി‌ഒ വ്യാഴാഴ്ച അറിയിച്ചു.

ഇറാൻ ജനത അവരുടെ മൗലികാവകാശങ്ങളും മാനുഷിക അന്തസ്സും നേടിയെടുക്കാൻ തെരുവിലിറങ്ങിയിരിക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തോട് സർക്കാർ വെടിയുണ്ടകൾ കൊണ്ടാണ് പ്രതികരിക്കുന്നത്,” ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) ഡയറക്ടർ മഹ്മൂദ് അമിരി മൊഗദ്ദം പ്രസ്താവനയിൽ പറഞ്ഞു.

അമിനി ഉത്ഭവിച്ച കുർദിസ്ഥാനിലെ വടക്കൻ പ്രവിശ്യയിലാണ് വാരാന്ത്യത്തിൽ പ്രതിഷേധം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇപ്പോൾ രാജ്യത്തുടനീളം 30-ലധികം നഗരങ്ങളിൽ നിലവിൽ പ്രതിഷേധം നടക്കുകയാണ് എന്നാണു ഇറാൻ ഹ്യൂമൻ റൈറ്റ്സ് പ്രവർത്തകർ പറയുന്നത്.

ടെഹ്റാനിൽ സഹോദരനൊപ്പം അവധിദിനം ചെലവിടാൻ എത്തിയതായിരുന്നു മഹ്‍സ അമിനി. ഇവരും സെപ്റ്റംബർ 13 ന് ഷാഹിദ് ഹഗാനി എക്‌സ്പ്രസ് വേയിൽ എത്തിയപ്പോൾ ഉചിതമായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂർണ ആരോഗ്യവതിയായ യുവതി അറസ്റ്റിനു പിന്നാലെ കോമയിൽ ആയെന്നും വൈകാതെ ആശുപത്രിയിൽ മരിച്ചുവെന്നും വാനിൽ വച്ച് എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ലെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ബോധവത്‌കരണം നടത്തുന്ന വനിതാ ഉദ്യോഗസ്ഥയോടു മഹ്‍സ തർക്കുന്ന ചിത്രങ്ങളും പൊലീസ് പുറത്തു വിട്ടിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി മഹ്‌സയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.