അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നു; മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ പിണറായി വിജയന്‍

single-img
7 March 2023

മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

സിസിദോയയുടെ അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇതിന് നന്ദി അറിയിക്കുകയും ചെയ്തു.


‘ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി’ കെജ്‌രിവാള്‍ ട്വീറ്ററില്‍ കുറിച്ചു.

സ്വാഭാവിക നീതിയുടെ നിഷേധമുണ്ടാകരുത്. കേസിന്റെ മെറിറ്റിനെ കുറിച്ച്‌ താന്‍ ഒന്നും പറയുന്നില്ല. മനീഷ് സിസോദിയ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരായതും അദ്ദേഹത്തില്‍ നിന്ന് പണം അടക്കം കുറ്റംചുമത്താവുന്നതൊന്നും പിടികൂടിയിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം.അറസ്റ്റ് അനിവാര്യമായിരുന്നില്ലെങ്കില്‍ അഭികാമ്യമായ നടപടി ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.


തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരത് പവാര്‍, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നീ നേതാക്കള്‍ ചേര്‍ന്നാണ് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നത്.