മുന്നിൽ മെസ്സി; ഡിസംബറില്‍ ജനിച്ച കുട്ടികൾക്ക് അര്‍ജന്റീനക്കാർ നൽകുന്നത് ഫുട്‌ബോള്‍ താരങ്ങളുടെ പേരുകൾ

single-img
7 January 2023

2022 ഡിസംബറില്‍ അര്‍ജന്റീന ഖത്തർ ഫിഫ ലോകകപ്പ് കിരീടംനേടിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആഘോങ്ങളാണ് നടന്നത്. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു നായകൻ ലയണല്‍ മെസ്സി ലോകകപ്പ് ട്രോഫി അര്‍ജന്റീനക്ക് നേടിക്കൊടുത്തത്. അതേസമയം, സാന്റാ ഫെ പ്രവിശ്യയിലെ സിവില്‍ രജിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് രസകരമായ ഒരു വസ്തുതയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

2022 ഡിസംബറില്‍ ജനിച്ച രാജ്യത്തെ 70 കുട്ടികളില്‍ ഒരാള്‍ക്ക് വീതം അര്‍ജന്റീനൻ ജനത ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളാണ് ഇട്ടിരിക്കുന്നത്. സൂപ്പർ താരമായ മെസ്സിക്ക് പുറമെ, ജൂലിയന്‍ അല്‍വാരസ്, ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങിയ ടീമംഗങ്ങളുടെ പേരുകളും ഇട്ടിട്ടുണ്ടെന്ന് സാന്റാ ഫെയുടെ സിവില്‍ രജിസ്ട്രി ഡയറക്ടര്‍ മരിയാനോ ഗാല്‍വെസ് പറഞ്ഞു.

ഈ പട്ടികയിൽ ലയണൽ, ലയണേല തുടങ്ങിയവയാണ് കുട്ടികൾക്ക് ഏറ്റവും കൂടുതൽ നൽകിയിട്ടുള്ള പേരുകൾ. അതേസമയം റൊസാരിയോ ആസ്ഥാനമായുള്ള ലാ ക്യാപിറ്റല്‍ എന്ന പത്രം മെസ്സിക്ക് ‘ലയണല്‍’ എന്ന പേര് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അര്‍ജന്റീനയില്‍ ലയണല്‍ എന്ന പേര് വളരെ സാധാരണമാണ്. പക്ഷെ ഇവിടെ മെസിയുടെ പേരിന് പിന്നിലെ കാരണം പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ലയണല്‍ റിച്ചിയാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.