ബ്രസീലിനെ മറികടക്കും; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് അർജന്‍റീന

single-img
28 March 2023

ഖത്തർ ലോകകപ്പിൽ അർജന്‍റീന കിരീടം നേടിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ബ്രസീൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ, ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനത്തേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

2023 ഏപ്രിലിലെ റാങ്കിംഗിലാണ് അർജന്‍റീന ഒന്നാം സ്ഥാനത്ത് എത്തുക. പുതിയ റാങ്കിംഗ് വരുമ്പോൾ ബ്രസീലിനെ മറികടന്ന് അർജന്‍റീന ഒന്നാം സ്ഥാനത്തെത്തും എന്നുറപ്പായി. മറ്റ് ടീമുകളുടെ റാങ്ക് മാറ്റങ്ങള്‍ റാങ്കിംഗ് വരുമ്പോള്‍ വ്യക്തമാകും.

ഇത്തവണത്തെ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മൊറോക്കോയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റതാണ് ബ്രസീലിന് ഇപ്പോൾ തിരിച്ചടിയായത്. പാനമയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചതോടെ അർജന്‍റീന റാങ്കിംഗ് പോയിന്‍റിൽ ബ്രസീലിനെ മറികടക്കും എന്നുറപ്പായി. ഇപ്പോഴുള്ള റാങ്കിംഗിൽ ബ്രസീലിന് 1840.77 പോയിന്‍റും അർജന്‍റീനയ്ക്ക് 1836.38 പോയിന്‍റുമാണുള്ളത്.

ലോക ചാമ്പ്യന്മാരായ അർജന്‍റീന രണ്ടും റണ്ണറപ്പുകളായ ഫ്രാൻസ് മൂന്നാം സ്ഥാനത്തുമാണ് . ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ബെൽജിയമാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ടീമുകളാണ് ആദ്യ പത്തില്‍ പിന്നിട് വരുന്ന ടീമുകള്‍.