കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അനിഷ്ടം പ്രകടിപ്പിച്ചു അപർണ; വീഡിയോ വൈറൽ

single-img
18 January 2023

സംസ്ഥാനത്തെ ഒരു ഒരു ലോ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും രോഷം അടക്കുന്നതും വൈറൽ വീഡിയോ ആകുന്നു. കലാലയത്തിലെ യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളേജിൽ എത്തിയത്.

ചടങ്ങിൽ നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു. വേദിയിലിരുന്ന അപർണയ്ക്ക് പൂവ് നൽകാനായി വേദിയിൽ എത്തിയ വിദ്യാർത്ഥി, നടിയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. ഈ സമയം അപർണ വെട്ടിച്ച് മാറുന്നതും ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നുമുണ്ട്.

സംഭവത്തിന് പിന്നാലെ സംഘാടകരിൽ ഒരാളായ വിദ്യാർത്ഥി അപർണയോട് മാപ്പ് ചോദിക്കുന്നുമുണ്ട്. പക്ഷെ അൽപ സമയത്തിന് ശേഷം വീണ്ടും വേദിയിൽ എത്തി വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്.

ഇതിനു പിന്നാലെ വീണ്ടും ഹസ്തദാനത്തിനായി കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുന്നത് വീഡിയോയില്‍ കാണാം. തുടർന്ന് യുവാവ് വിനീതിന് കൈ കൊടുക്കാൻ ശ്രമിക്കുമ്പോൾ കൈകൊടുക്കാത്ത വിനീത്, കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാർത്ഥിയെ അയക്കുന്നതും വീഡിയോയിൽ കാണാം.