ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് ആന്ധ്ര പൊലീസ്

single-img
19 February 2023

വിലക്ക് ലംഘിച്ചുകൊണ്ട് പൊതുറാലി നടത്തിയതിന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് ആന്ധ്ര പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച ആന്ധ്രയിലെ അനപാർതിയിൽ നായിഡുവിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് വൻസംഘർഷമാണ് അരങ്ങേറിയത്.

എന്നാൽ , വൻ റാലികളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണപരിപാടിക്ക് തുടക്കമിടുകയാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. അനപാർതിയിൽ പൊലീസ് വച്ച ബാരിക്കേഡുകൾ തകർത്താണ് ടിഡിപി പ്രവർത്തകർറാലി നടത്തിയത്. വാഹനവ്യൂഹം പൊലീസ് തടഞ്ഞതോടെ, റാലി നടക്കേണ്ടിയിരുന്ന ദേവി ചൗക്കിലേക്ക് ഏഴ് കിലോമീറ്റർ നടന്നാണ് ചന്ദ്രബാബു നായിഡു എത്തിയത്.

ഈ റാലി നടത്തിയതിന്‍റെ പേരിലാണ് നായിഡുവിനെതിരെ രണ്ട് കേസുകൾ അനപാർതി പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുപ്രകടനങ്ങൾക്കും റാലികൾക്കും കർശനവിലക്കാണ് ആന്ധ്രയിലിപ്പോൾ. പ്രതിപക്ഷത്തെ വരിഞ്ഞുകെട്ടാനുള്ള ശ്രമമാണിതെന്ന് ആവർത്തിച്ച ചന്ദ്രബാബു നായിഡു, സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് പറഞ്ഞു.