ഭൂമിക്കടിയിൽ മിസൈൽ സാമ്രാജ്യം; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ

single-img
23 November 2026

അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമാക്രമണങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. കിലോമീറ്ററുകളോളം നീളുന്ന തുരങ്കങ്ങളും ബാലിസ്റ്റിക് മിസൈൽ ശേഖരങ്ങളും ഉൾപ്പെടുന്ന സൈനിക സമുച്ചയങ്ങളാണ് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടത്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മേജർ ജനറൽ അഹമ്മദ് വാഹിദി ഭൂഗർഭ മിസൈൽ കേന്ദ്രം സന്ദർശിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് ദ്രാവക ഇന്ധന ബാലിസ്റ്റിക് മിസൈലുകൾ ഒരേസമയം വഹിക്കാനും വിക്ഷേപിക്കാനും കഴിയുന്ന പുതിയ ഡ്യുവൽ ലോഞ്ചർ സംവിധാനവും ദൃശ്യങ്ങളിൽ ശ്രദ്ധേയമായി.

മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ അവയുടെ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും സ്പെയർ പാർട്സുകളും ഭൂഗർഭ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടായാലും സൈനിക ശേഷി പൂർണമായി തകർക്കാനാകില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.

എന്നാൽ പുറത്തുവിട്ട ദൃശ്യങ്ങളുടെ ചിത്രീകരണ സമയവും ഭൂഗർഭ കേന്ദ്രങ്ങളുടെ യഥാർഥ വ്യാപ്തിയും വ്യക്തമല്ല. ഇറാന്റെ മിസൈൽ ശേഷി പൂർണമായി വിലയിരുത്താനും സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ പുതിയ സൈനിക പ്രദർശനം അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ള തന്ത്രപരമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.