ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്നൊരു പ്രധാനമന്ത്രി വരുമെന്ന് അമിത് ഷാ; എന്തിനാണ് മോദിയോട് ദേഷ്യമെന്ന് സ്റ്റാലിൻ

single-img
12 June 2023

ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്ന് ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പരിഹാസവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ‘ബിജെപി നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്ന്’ സ്റ്റാലിന്‍ ചോദിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ രഹസ്യചര്‍ച്ചയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് ഡിഎംകെ തടഞ്ഞുവെന്നും അമിത് ഷാ ആരോപിച്ചു. ഈ അവകാശവാദം നിരാകരിച്ച എം.കെ.സ്റ്റാലിന്‍, പ്രസ്താവന പരസ്യമാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ചു.

”അദ്ദേഹത്തിന്റെ നിര്‍ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല”- സ്റ്റാലിന്‍ പറഞ്ഞു. കഴിഞ്ഞദിവസം സംസ്ഥാനത്തു നടന്ന ബിജെപി ഭാരവാഹി യോഗത്തിലാണ് ‘ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്നൊരു പ്രധാനമന്ത്രി വരു’മെന്ന് അമിത് ഷാ പറഞ്ഞത്. അതിനെ ഉറപ്പാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

അമിത് ഷായുടെ ഈ പരാമര്‍ശത്തോട് പ്രതികരിച്ച സ്റ്റാലിന്റെ വാക്കുകൾ:: ”തമിഴന്‍ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കില്‍, തമിഴിസൈ സൗന്ദരരാജനും എല്‍.മുരുകനും ഉണ്ട്. അവര്‍ക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു”.