നിതീഷ് കുമാറിനെതിരെ അമിത് ഷാ

single-img
11 October 2022

ജയപ്രകാശ് നാരായണന്റെ ശിഷ്യന്മാരെന്ന് സ്വയം അവകാശപ്പെടുന്നവർ അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബലികഴിച്ചെന്ന് നിതീഷ് കുമാറിനെ ഉദ്ദേശിച്ചു ബിഹാറിലെ മഹാഗത്ബന്ധൻ സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ബിഹാറിലെ സരൺ ജില്ലയിൽ ജെപി എന്നറിയപ്പെടുന്ന ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലത്ത് സോഷ്യലിസ്റ്റ് ഐക്കണിന്റെ 15 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നടന്ന റാലിയിൽ സംസാരിക്കവെയാണ് ഷാ പ്രസ്താവന നടത്തിയത്.

“അദ്ദേഹത്തിന് ( നിതീഷ് കുമാർ ) അധികാരമോഹമാണ്, അധികാരത്തിനായി, അദ്ദേഹം ജെപിയുടെ ആശയങ്ങൾ ത്യജിച്ച് കോൺഗ്രസുമായി കൈകോർത്തു. ജെപിയുടെ ആശയങ്ങളുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല,” ബിജെപിയെ പുറത്താക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരാമർശിച്ച് ഷാ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് സമൂഹത്തിലെ പാവപ്പെട്ടവർക്കും ദുർബ്ബല വിഭാഗങ്ങൾക്കുമായി പ്രവർത്തിക്കുന്നത്, അവർക്കുവേണ്ടിയാണ് ജെപി ശ്രദ്ധിച്ചിരുന്നത്. അതിനാലാണ് കേന്ദ്രം അന്ത്യോദയ അന്ന യോജനയും ഉജ്ജ്വല യോജനയും തുടങ്ങിയത്. പ്രധാനമന്ത്രി ജെപിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്നയാളാണ്,” ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇതോടൊപ്പം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പദ്ധതിയായ ജെപിയുടെ പ്രതിമ സ്ഥാപിച്ചതിന്റെ ബഹുമതിയും ഷാ പ്രധാനമന്ത്രിക്ക് നൽകി.

“ജെപിയുടെ ഹസാരിബാഗ് ജയിൽ ചാട്ടം, ‘സമ്പൂർണ വിപ്ലവം’ എന്നതിന്റെ ആഹ്വാനം, പട്‌നയിലെ ഗാന്ധി മൈതാനിലെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസംഗം, അടിയന്തരാവസ്ഥ കാലത്തെ പോരാട്ടം എന്നിവ അദ്ദേഹത്തിന്റെ പാരമ്പര്യമാണ്,” അദ്ദേഹം പറഞ്ഞു