കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്തെ ഒന്നായി നിലനിർത്തണം; ഞാൻ ഒരു ഇന്ത്യൻ മുസ്ലീമാണ്, ചൈനീസ് മുസ്ലീമല്ല: ഫാറൂഖ് അബ്ദുള്ള

single-img
13 October 2022

രാജ്യത്ത് മുസ്ലീങ്ങളെ മോശക്കാരായി കാണുന്ന നിലപാടിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. താൻ ഒരു ഇന്ത്യൻ മുസ്ലീമാണെന്നും ചൈനീസ് മുസ്ലീമല്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇത് ഹിന്ദുസ്ഥാനാണ്, ഈ രാജ്യം എല്ലാവരുടേതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: “ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്തെ ഒന്നായി നിലനിർത്തണം. ഞാൻ ഒരു മുസ്ലീമാണ്, , ഒരു ഇന്ത്യൻ മുസ്ലീമാണ്. ഞാൻ ഒരു ചൈനീസ് മുസ്ലീമല്ല,” ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

എൻസിപിയുടെ മുതിർന്ന നേതാവായ ഛഗൻ ഭുജ്ബലിന്റെ 75-ാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഈ രാജ്യത്തെ എല്ലാവരും വ്യത്യസ്തരായിരിക്കാം. പക്ഷെ നമുക്ക് ഒരുമിച്ച് ഈ രാജ്യം കെട്ടിപ്പടുക്കാം. അതിനെയാണ് സൗഹൃദം എന്ന് വിളിക്കുന്നത്. പരസ്പരം വെറുക്കാൻ മതങ്ങൾ ആളുകളെ പഠിപ്പിക്കുന്നില്ല. ഇത് ഹിന്ദുസ്ഥാൻ ആണ്. ഇത് എല്ലാവർക്കും അവകാശപ്പെട്ടതാണ്.” ഫാറൂഖ് അബ്ദുള്ള പറഞ്ഞു.