കേരളത്തിൽ ട്വൻ്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ചു

single-img
8 December 2023

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ചയായ മുന്നണി ബാന്ധവമായിരുന്നു ട്വൻ്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുണ്ടായത്. 2022 മേയ് 15ന് കിഴക്കമ്പലത്ത് ആയിരുന്നു സഖ്യം പ്രഖ്യാപിച്ചത്. പക്ഷെ ഇപ്പോഴിതാ വെറും ഒന്നരവർഷം മാത്രം ആയുസ്സോടെ ഈ സഖ്യം ഇപ്പോൾ അകാലചരമമടഞ്ഞിരിക്കുകയാണ്.

ട്വൻ്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന കേരളത്തിലെ രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ചതായി ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം ജേക്കബ് (Sabu M Jacob) അറിയിച്ചു. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്നു സഖ്യമുണ്ടാക്കിയത്. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് രണ്ടു പാര്‍ട്ടികള്‍ക്കും ആശയപരമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതെന്നും സാബു എം ജേക്കബ് വിശദീകരിക്കുന്നു . സഖ്യം രൂപീകരിച്ചതിനു ശേഷം ട്വൻ്റി20 യും ആം ആദ്മി പാർട്ടിയും ആദ്യം നേരിട്ട തിരഞ്ഞെടുപ്പ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു. തൃക്കാക്കര മണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മുന്നണി പക്ഷേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താത്തത് വലിയ ചർച്ചയായിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിയാണ് എഎപി- ട്വൻ്റി20 സഖ്യം രംഗത്തെത്തിയത്. നിലവിലെ സാഹചര്യങ്ങളും മുന്നോട്ടുള്ള വസ്തുതകളും വിലയിരുത്തി വേണം ജനക്ഷേമ മുന്നണിയിലെ പ്രവർത്തകർ വോട്ടുചെയ്യാനെന്നും ട്വൻ്റി20 കോഡിനേറ്റർ സാബു എം ജേക്കബ് അന്ന് പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തിരുന്നു. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിൻ്റ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു.