രാഷ്ട്രീയക്കാർക്കതിരെ ആരോപണങ്ങൾ ഉണ്ടാകുന്നത് പുതിയ കാര്യമല്ലല്ലോ: ആൻ്റോ ആൻ്റണി

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതികരണവുമായി ആൻ്റോ ആൻ്റണി എംപി. രാഷ്ട്രീയക്കാർക്കതിരെ ആരോപണങ്ങൾ ഉണ്ടാകുന്നത് പുതിയ കാര്യമല്ലല്ലോയെന്നും വിഷയത്തിൽ മറുപടി പറയാൻ ഇല്ലെന്നുമായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം.
കേസിൽ അടൂർ പ്രകാശിന് പിന്നാലെയാണ് ആൻ്റോ ആൻ്റണിയേയും ചോദ്യം ചെയ്യാനുള്ള എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടാനാണ് ചോദ്യം ചെയ്യുന്നത്. പ്രതികളുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും.
കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ അസ്വാഭാവിക ഇല്ലെന്നായിരുന്നു അടൂർ പ്രകാശിൻ്റെ ആദ്യ പ്രതികരണം. പിന്നാലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് അടൂർ പ്രകാശ് തിരുത്തി പറഞ്ഞിരുന്നു.
ശബരിമലയിലെ സ്വർണം കട്ടവരും അത് വാങ്ങി വിറ്റവരുമായ പ്രതികൾക്കൊപ്പമുള്ള അടൂർ പ്രകാശിൻ്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതാണ് അടൂർ പ്രകാശിനെ അന്വേഷണസംഘം ചോദ്യം ചെയ്യാനുള്ള കാരണം.


