രാമക്ഷേത്ര പ്രതിഷ്ഠാ മുഹൂര്‍ത്തതില്‍ എല്ലാ വിശ്വാസികളും ഭവനങ്ങളില്‍ ദീപം തെളിയിക്കണം: വെള്ളാപ്പള്ളി നടേശന്‍

single-img
11 January 2024

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്ര പ്രതിഷ്ഠാ മുഹൂര്‍ത്തതില്‍ എല്ലാ വിശ്വാസികളും ഭവനങ്ങളില്‍ ദീപം തെളിയിക്കണമെന്നും ശ്രീരാമന്‍ വ്യക്തിജീവിതത്തിലും കര്‍മപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും ആര്‍എസ് എസ് നേതാക്കളില്‍ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാനത്തെ ആര്‍.എസ്.എസ് പ്രാദേശിക നേതാവ് എ.ആര്‍.മോഹനനില്‍ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്. വ്യക്തിജീവിതത്തിലും കര്‍മ്മപഥത്തിലും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രഭഗവാന്‍ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്. സരയൂതീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുകതന്നെ വേണം.

ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ എല്ലാ വിശ്വാസികളും സ്വഭവനങ്ങളില്‍ ദീപം തെളിച്ച് ലോക നന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തു.