കൗമാരക്കാരെ കണ്ടെത്താൻ എഐ നിരീക്ഷണം; ഇൻസ്റ്റഗ്രാമിൽ പ്രായപരിശോധന കർശനമാക്കുന്നു

single-img
10 November 2026

18 വയസിന് താഴെയുള്ള ഉപയോക്താക്കളെ തിരിച്ചറിയാൻ ഇൻസ്റ്റഗ്രാമിൽ എഐ അധിഷ്ഠിത പ്രായപരിശോധന കർശനമാക്കാനൊരുങ്ങി മെറ്റ. പ്രായം തെറ്റായി രേഖപ്പെടുത്തി അക്കൗണ്ട് തുടങ്ങുന്നവരെ കണ്ടെത്തുകയും കൗമാരക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

നിലവിൽ 13നും 17നും ഇടയിൽ പ്രായമുള്ളവരെ ഇൻസ്റ്റഗ്രാം സ്വയമേവ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റാറുണ്ട്. 13 വയസിന് താഴെയുള്ളവർക്ക് അക്കൗണ്ട് തുടങ്ങാനും അനുമതിയില്ല. ടീൻ അക്കൗണ്ടുകളിൽ സ്വകാര്യത ഉറപ്പാക്കുന്ന ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്. ഫോളോ ചെയ്യുന്നവരിൽ നിന്നോ പരിചയമുള്ളവരിൽ നിന്നോ മാത്രമേ നേരിട്ട് സന്ദേശങ്ങൾ ലഭിക്കൂ. അക്കൗണ്ടുകൾ സ്വയമേവ പ്രൈവറ്റാകുകയും മോശം കമന്റുകൾ മറച്ചുവയ്ക്കുകയും ചെയ്യും.

പ്രായം മറച്ചുവെച്ച് ഇത്തരം നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ, ജന്മദിനാഘോഷങ്ങൾ, സ്കൂൾ വിവരങ്ങൾ, ചിത്രങ്ങളിലെയും വീഡിയോകളിലെയും ശാരീരിക സവിശേഷതകൾ എന്നിവ എഐ വിശകലനം ചെയ്യും.

അമേരിക്കയിലെ അറ്റോർണി ജനറൽമാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മെറ്റ പരിശോധന ശക്തമാക്കുന്നത്. ഫേസ്ബുക്കിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ത്രെഡ്സിലും ആഗോളതലത്തിൽ സംവിധാനം നടപ്പാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് നീക്കം.