എഐ ക്യാമറകൾ ആദ്യ ദിനം പിടികൂടിയത് 28891 നിയമലംഘനങ്ങൾ; കൂടുതൽ കൊല്ലം ജില്ലയിൽ

single-img
5 June 2023

സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത് വന്നു . ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. ഇന്ന് രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ പറഞ്ഞു.

ഇതിൽ ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയിട്ടുള്ള നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാന വ്യാപകമായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്.

നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും.