സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്

single-img
10 June 2023

കോഴിക്കോട്: സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്. ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ ജനങ്ങൾക്ക് ഇടയിലിറങ്ങി പ്രവർത്തിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ പാർട്ടി പ്രവേശനം സംബന്ധിച്ച് സംസാരിക്കുമെന്നും മാതൃഭൂമി ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്ന് മനസ് മടുപ്പിക്കുന്ന നിരവധി അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അത്തരം അനുഭവങ്ങളിലൂടെയാണ് കടന്ന് പോയത്. ബിജെപിയിൽ അംഗത്വമെടുത്ത ശേഷം പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചതെന്നും ഭീമൻ രഘു പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തനം ഇഷ്ടപ്പെടുന്ന വ്യക്തിയായതിനാലാണ് ഈ രംഗത്തേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ എന്നും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിനായി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭീമൻ രഘു വ്യക്തമാക്കി.

ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെന്ന് സംവിധായകൻ രാജസേനൻ ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമായി രാജസേനൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ബിജെപിയുടെ പ്രവർത്തന ശൈലിയിൽ എതിർപ്പുണ്ടെന്ന് വ്യക്തമാക്കിയാണ് പാർട്ടി വിടുന്നതെന്ന് രാജസേനൻ പറഞ്ഞിരുന്നു.