ആഫ്രിക്കന്‍ പന്നിപ്പനി; കാസർകോട് 491 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു

single-img
13 January 2023

മഞ്ചേശ്വരം താലൂക്കിലെ എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെ വില്ലേജിലെ ആഫ്രിക്കന്‍ പന്നി പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ ദയാവധം നടത്തി ശാസത്രീയമായി സംസ്‌കരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേൃത്വത്തിലുള്ള ദ്രുത കര്‍മ സേനയാണ് പ്രക്രിയക്ക് നേതൃത്വം നല്‍കിയത്.

പ്രത്യേകം പരിശീലനം ലഭിച്ച മൃഗസംരക്ഷണ വകുപ്പ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 491 പന്നികളെ ദയാവധം നടത്തി ശാസ്ത്രീയമായി മറവ് ചെയ്തു. പന്നികളുടെ കൂടും പരിസരവും അഗ്‌നി രക്ഷാ സേന അണുവിമുക്തമാക്കി. വെള്ളിയാഴ്ച്ച രാവിലെ ആറരയോടെയാണ് പന്നികളുടെ ദയാവധം തുടങ്ങിയത്. വൈകുന്നേരം 6.30 ഓടെ നടപടികള്‍ പൂര്‍ത്തിയായി. മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജില്ലാ ഭരണകൂടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

കണ്ണൂരിലെ പന്നിപ്പനി പ്രതിരോധ സേന അംഗങ്ങളായ കള്ളിങ് ടീം ലീഡര്‍ ഡോ. ആല്‍വിന്‍ വ്യാസ്, കെ. ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ടാസ്‌ക് ഫോഴ്‌സിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പോലീസ്, ഫയര്‍ ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ്, ഗ്രാമ പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ പ്രതിരോധ നടപടികള്‍ ആര്‍ ഡി ഒ അതുല്‍ എസ്.നാഥ് ഏകോപിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കാട്ടുകുക്കെ വില്ലേജിലെ ദേവി മൂലയിലെ മനു സെബാസ്റ്റ്യന്റെ ഫാമില്‍ പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പെര്‍ള മൃഗാശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈസെക്യുരിറ്റി ലാബിലേക്ക് അയച്ചിരുന്നു. ബുധനാഴ്ചയാണ് സാമ്പിളുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാമിലുള്ള മുഴുവന്‍ പന്നികളെയും ദയാവധം നടത്തി സംസ്‌കരിക്കാന്‍ തീരുമാനിച്ചു. പന്നികളില്‍ അതിവേഗം പകരുന്നതും ചികിത്സയില്ലാത്തതും മാരകവുമായ ഈ രോഗം നിയന്ത്രിക്കാന്‍ പന്നികളുടെ ദയാവധവും ശാസ്ത്രിയമായ സംസ്‌കരണവും നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം നടത്തി. ജില്ലയില്‍ ആദ്യമായാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്.

റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും ഉന്മുലനപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കും ഒഴിച്ച് മറ്റാര്‍ക്കും ഫാമിനും പരിസരപ്രദേശത്തേക്കും പ്രവേശനമില്ലയിരുന്നു. മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ലെങ്കിലും വാഹകരാകനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി. വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗ്ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം.

നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യണമെന്നാണെങ്കിലും ഒരു കിലോമീറ്റര്‍ പരിധിയില്‍ മറ്റു ഫാമുകള്‍ ഇല്ലാത്തതിനാല്‍ പന്നിപ്പനി സ്ഥിരീകരിച്ച സ്വകാര്യവ്യക്തിയുടെ ഫാമിലെ പന്നികളെ മാത്രമെ ഉന്മൂലനം ചെയ്യുന്നുള്ളു.

കാട്ടുകുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പ് ഇറച്ചിവില്‍പ്പന മൂന്നു മാസത്തേക്ക് നിരോധിച്ചു. രോഗപ്രഭവ കേന്ദ്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കോ, ഇവിടെ നിന്നും പുറത്തേക്കോ പന്നികള്‍, പന്നി മാംസം, പന്നി മാംസ ഉല്‍പ്പനങ്ങള്‍, പന്നികളുടെ കാഷ്ടം എന്നിവ കൊണ്ടു പോകുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ പോലീസും ചെക്പോസ്റ്റ് കടന്നു വരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും ഉറപ്പു വരുത്തും.