അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേത്; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

single-img
31 August 2023

അദാനി ഗ്രൂപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കി ഇന്ന് പുറത്തുവന്ന ഒസിസിആര്‍പി വെളിപ്പെടുത്തലില്‍ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും മോദി-അദാനി ബന്ധം വ്യക്തമാക്കുന്നതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടക്കാത്തത് പ്രധാനമന്ത്രിക്ക് താല്പര്യമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഒസിസിആര്‍പി റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയ അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകളെ ഉയർത്തിക്കാണിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) റിപ്പോർട്ടിൽ ഉടന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിലേക്ക് വന്നത് ആരുടെ പണമാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനിയുടേതോ അതോ മറ്റാരുടേയെങ്കിലുമോ ? ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ് ഇതിന് പിന്നിലെ സൂത്രധാരൻ. ഈ ഇടപാടിൽ രണ്ട് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. നാസിർ അലി ഷബൻ അഹ്‌ലി, ചാങ് ചുങ് ലിംഗ് എന്നിവരാണ് അത്.

അങ്ങിനെയെങ്കിൽ വിഷയത്തിൽ രണ്ടാമത്തെ ചോദ്യം ഉയർന്നുവരുന്നു, മിക്കവാറും ഇന്ത്യയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രിക്കുന്ന ഒരു കമ്പനിയുടെ മൂല്യത്തിൽ ഇടപെടാൻ രണ്ട് വിദേശ പൗരന്മാരെ അനുവദിച്ചത് എന്ത് കൊണ്ടാണ് ?” രാഹുൽ ചോദിച്ചു.

ഇതോടൊപ്പം തന്നെ അദാനി ഗ്രുപ്പിനെതിരായ പുതിയ റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും ഇത് ബാധിക്കുന്നു. നേരത്തെ തന്നെ അദാനി വിഷയത്തിൽ സെബി അന്വേഷണം നടത്തിയതാണ്. എന്നാൽ തെളിവുകൾ ഉണ്ടായിട്ടും സെബി ഗൗതം അദാനിക്ക് ക്ലീൻ ചീറ്റ് നൽകി. അവിടെ എന്തോ തെറ്റ് സംഭവിച്ചു എന്നുള്ളത് ഇപ്പോൾ വ്യക്തമാണ്. പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.