നടിയെ ആക്രമിച്ച കേസ്; റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി
കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായുള്ള കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഈ കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ എല്ലാ വാര്‍ത്തകളും ഹാജരാക്കണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെതിരായി എം വി നികേഷ് കുമാറും ചാനലും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയും ചലച്ചിത്ര നടനുമായ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്ത വാര്‍ത്തകള്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. കേസിൽ രഹസ്യ വിചാരണ നടക്കവെ ഇതേ കുറിച്ച് ചര്‍ച്ചകളും അഭിമുഖങ്ങളും നടത്തിയെന്ന ഹര്‍ജിയിലാണ് സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ പെന്‍ഡ്രൈവില്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു നികേഷും ചാനലും ഹൈക്കോടതിയെ സമീപിച്ചത്
2021 ഡിസംബര്‍ 25 മുതല്‍ 2022 ഒക്ടോബര്‍ വരെ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളും അഭിമുഖങ്ങളും ഹാജരാക്കാനാണ് ചാനലിന് കോടതി നിര്‍ദേശം നല്‍കിയത് . ജൂഡിഷ്യല്‍ സംവിധാനത്തെയാകെ അവഹേളിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് നടിയെ ആക്രമിച്ച കേസില്‍ ചാനല്‍ നടത്തിയതെന്നായിരുന്നു ദിലീപിന്റെ പരാതി .
വിചാരണ കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി കേസില്‍ രഹസ്യ വിചാരണ നടക്കവേ വിചാരണ നടപടികളെ കുറിച്ചു വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനു ചാനലിനെതിരെ പോലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി . ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളും അഭിമുഖങ്ങളും എല്ലാം പൊതു സമൂഹത്തില്‍ ലഭ്യമാണെന്നും കോടതി വ്യക്തമാക്കി.
അതുകൊണ്ടുതന്നെ വിചാരണ കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും പൊതു താല്പര്യം മുന്‍നിര്‍ത്തി വിചാരണ കോടതിക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ വിശദശാംശങ്ങള്‍ പരിശോധിക്കുകയും കോടതിയലക്ഷ്യ നടപടി വേണമെന്ന ഹര്‍ജിയില്‍ തീരുമാനം എടുക്കാവുന്നതാണെന്നും ഹൈകോടതി വ്യക്തമാക്കി.