സ്വപ്നയുമായി നടത്തിയത് ബിസ്‌നസ് ചർച്ചകൾ; രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല: വിജേഷ് പിള്ള

single-img
10 March 2023

താൻ‌ സ്വപ്നയെ കണ്ടു എന്നത് സത്യമാണ് എന്നും, എന്നാൽ ബിസിനസ് സംബന്ധമായ ഒരു കാര്യം ചർച്ച ചെയ്യാനാണ് കണ്ടത് എന്നും വിജേഷ് പിള്ള. മാത്രമല്ല സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്നും വിജേഷ് പിള്ള ആരോപിച്ചു.

സ്വപ്നയെ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒടിടി പ്ലാറ്റ്ഫോമിലെ ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സ്വപ്നയെ കണ്ടത്. സിപിഎം എന്നല്ല ഒരു പാർട്ടിയിലും താൻ അം​ഗമല്ല. എംവി ​ഗോവിന്ദൻ നാട്ടുകാരനാണ്. എന്നാൽ അദ്ദേഹത്തെ ടിവിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. 30 കോടി രൂപ വാ​ഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു.

എംവി ​ഗോവിന്ദൻ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമർശിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ല. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.