ലഫ്: ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യം; ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ രാത്രിയും ധർണ്ണയുമായി ആം ആദ്മി എംഎൽഎമാർ

single-img
29 August 2022

ലഫ്: ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മിയുടെ എംഎല്‍എമാര്‍ ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ ധര്‍ണ തുടരുകയാണ് . ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ രാജി ആവശ്യവുമായി തങ്ങൾ ആഗസ്റ്റ് 29ന് രാത്രിയും പ്രതിഷേധം തുടരുമെന്നും എംഎല്‍എമാര്‍ അറിയിക്കുന്നു.

സംസ്ഥാനത്തെ എല്ലാ എഎപി എംഎല്‍എമാരും തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഗാന്ധി പ്രതിമയ്ക്ക് താഴെ ധര്‍ണ ഇരിക്കുമെന്നും അവര്‍ രാത്രി നിയമസഭയ്ക്കുള്ളില്‍ തങ്ങുമെന്നും എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് ഇന്ന് വൈകിട്ട് മാധ്യമങ്ങളെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സക്സേന രാജിവയ്ക്കണമെന്നാണ് എഎപി ഉയർത്തുന്ന ആവശ്യം. സംസ്ഥാനത്തെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ചെയര്‍മാനായിരുന്ന കാലത്ത് സക്‌സേന 1,400 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് എഎപി ആരോപിക്കുന്നു.സംസ്ഥാനത്തെ എല്‍ജിയുടെ ഓഫീസ് അരവിന്ദ് കെജ്രിവാളിന് 45 ഫയലുകള്‍ തിരികെ നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍ രാജ്യ തലസ്ഥാനത്തിൽ അരങ്ങേറുന്നത്.