ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിനായി സര്‍വേ നടത്താന്‍ നിർദ്ദേശം

single-img
2 September 2022

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിനായി സര്‍വേ നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

അസമിന് പിന്നാലെയാണ് യുപിയിലും മദ്രസകള്‍ പൊളിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്രസകളും പൊളിച്ച്‌ നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

മദ്രസയുടെ പേര്, അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, വരുമാന സ്രോതസ്, ഏന്തെങ്കിലും സര്‍ക്കാരിതര സ്ഥാപനവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളാണ് സര്‍ക്കാര്‍ സര്‍വേയില്‍ ശേഖരിക്കുന്നത്. സര്‍ക്കാര്‍ നടപടി ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് അസദുദ്ദീന്‍ ഉവൈസി എം പി ആരോപിച്ചു. മദ്രസകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ബന്ധം ആരോപിച്ച്‌ അസമില്‍ മൂന്ന് മദ്രസകളാണ് ഒരാഴ്ച്ചക്കിടെ പൊളിച്ച്‌ നീക്കിയത്. 38 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസകളില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തകര്‍ക്കുമെന്ന് അസം മുഖ്യമന്ത്രി ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ‘ജിഹാദി’ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച്‌ കഴിഞ്ഞ ദിവസം ബോംഗൈഗാവ് ജില്ലയിലെ ഒരു മദ്രസ കെട്ടിടം അധികൃതര്‍ പൊളിച്ചുകളഞ്ഞിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.