പെറുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

single-img
15 December 2022

ലിമ: പെറുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്‍റ് പെഡ്രോ കാസിലോയെ പുറത്താക്കി ജയിലിലടച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രി ആല്‍ബോര്‍ട്ടോ ഒട്ടറോള രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

30 ദിവസത്തെക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി ഇന്നലെ പെറുവിലുടനീളം കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു . മുന്‍ പ്രസിഡന്‍റ് പെഡ്രോ കാസിലോയുടെ അനുയായികള്‍ കഴിഞ്ഞ ഒരാഴ്ചയായി പെറുവില്‍ ശക്തമായ പ്രക്ഷോഭമാണ് നടത്തിവരുന്നത്.

ഇംപീച്ച്‌മെന്‍റിലൂടെയായിരുന്നു പ്രസിഡന്‍റ് പെഡ്രോ കാസ്റ്റില്ലോയെ പുറത്താക്കിയത്. പിന്നാലെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാര്‍ട്ടെ പ്രസിഡന്റായി ചുമതലയേറ്റു. പെറുവിന്‍റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ഡിന. 2026 ജൂലൈ വരെ ഡിന പദവിയില്‍ തുടരും.തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് ശ്രമത്തെ അട്ടിമറിക്കാനായിരുന്നു പെഡ്രോയുടെ ശ്രമം. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച പെഡ്രോ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് പിരിച്ചുവിടുമെന്നും അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അറിയിച്ചു. ഇതോടെ രാജ്യ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും നിരവധി മന്ത്രിമാര്‍ രാജിവയ്ക്കുകയും ചെയ്തു.