കഴുത്തില്‍ പൂമാലയ്ക്ക് പകരം അണിഞ്ഞത് പാമ്പിനെ; കോണ്‍ഗ്രസ് എംഎല്‍എയുടെ വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം

single-img
9 September 2023

നമ്മുടെ നാട്ടിൽ നിന്നൊക്കെ വ്യത്യസ്തമായി കഴുത്തില്‍ പൂമാലയണിഞ്ഞ് ജന്മദിനം ആഘോഷിക്കുന്നത് മധ്യപ്രദേശിലെ പതിവ് കാഴ്ചയാണ്. പക്ഷെ കഴുത്തില്‍ പാമ്പിനെയണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണ്. സംസ്ഥാനത്തെ ഷിയോപുരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബാബു ജന്‍ഡേല്‍ ആണ് കഴുത്തില്‍ പാമ്പിനെയണിഞ്ഞ് തന്റെ ജന്മദിനം ആഘോഷിച്ചത്.

ഇന്നലെയായിരുന്നു സംഭവം.ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കഴുത്തില്‍ കറുത്ത പാമ്പിനെ ചുറ്റി ഇരിക്കുന്ന ബാബു ജന്‍ഡേലിന് യാതൊരു പരിഭ്രമവുമില്ലെന്നത് ശ്രദ്ധേയമാണ്.

പിറന്നാള്‍ ലളിതമായാണ് ആഘോഷിക്കാറെന്നും ജീവജാലങ്ങള്‍ തനിക്ക് സുഹൃത്തുക്കളെ പോലെയാണെന്നും ജന്‍ഡേല്‍ പ്രതികരിച്ചു. മുൻപും വിചിത്രമായ രീതികള്‍ കൊണ്ട് ജന്‍ഡേല്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വൈദ്യുത തൂണില്‍ വലിഞ്ഞു കയറിയും നൃത്തം ചെയ്യ്തുമെല്ലാം ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.