ഗുജറാത്തിൽ അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലം തകര്‍ന്നു; നാൽപ്പതിലേറെ മരണം; സഹായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി


ഗുജറാത്തിലെ മോര്‍ബിയില്‍ പുനര്‍നിര്‍മ്മാണം നടത്തി അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ വർധിക്കുകയാണ് . അവസാനം ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പാലം അപകടത്തിൽ നാൽപ്പത് പേർ മരണപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. അപകടസമയം നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. നിലവിൽ ഇവിടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി.
മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമെ പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. നിലവിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ മോർബിയിലേക്ക് തിരിച്ചിട്ടുണ്ട്.